Saturday, March 20, 2010

ബാലചന്ദ്രൻ ചുള്ളിക്കാട്

1957 ജൂലൈ 30 ന് പറവൂരിൽ ജനിച്ചു.എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. അടിയന്തരാവസ്ഥക്കാലത്തും പിന്നീടും സി.പി.ഐ(എം.എൽ) അനുഭാവം പുലർത്തി. ജനകീയസാംസ്കാരികവേദി രൂപവത്കരിച്ചപ്പോൾ അതിന്റെ പ്രവർത്തനവുമായും സഹകരിച്ചു. പല തൊഴിലുകൾ ചെയ്ത ശേഷം1987‌ൽ‌ കേരള സർക്കാർ സർവ്വീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. 1999ൽ ബുദ്ധമതം സ്വീകരിച്ചു.തിരക്കഥകളും ചലച്ചിത്രഗാനങ്ങളും എഴുതിയിട്ടുണ്ട്. ഇപ്പോൾ ടെലിവിഷൻ സീരിയലുകളിൽ അഭിനേതാവായി പ്രവർത്തിക്കുന്നു. ഭാര്യ: വിജയലക്ഷ്മി. മകൻ : അപ്പു.

ന്യൂഡൽഹി, കൽക്കട്ട, ലൿനൌ, അഗർത്തല, റൂർക്കേല, ബാംഗ്ലൂർ, ഭോപ്പാൽ എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ടു ദശകങ്ങൾക്കുള്ളിൽ നടന്ന ദേശീയ സാഹിത്യസമ്മേളനങ്ങളിൽ മലയാളകവിതയെ പ്രതിനിധീകരിച്ചു. 1994 സെപ്റ്റംബറിൽ ആലുവയിൽവച്ച് സാഹിത്യഅക്കാദമിയുടെയും 'സുരഭി'യുടെയും സംയുക്താഭിമുഖ്യത്തിൽ 22 ഇന്ത്യൻഭാഷകളിലെ 220 സാഹിത്യകാരൻമാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ 'മാനസോത്സവം' ദേശീയ സാഹിത്യസമ്മേളനത്തിന്റെ സ്വാഗതസംഘം കൺവീനർ. 1997 ഒക്ടോബർ-നവംബറിൽ സ്വീഡിഷ് സർക്കാരിന്റെയും സ്വീഡിഷ് റൈറ്റേഴ്സ് യൂണിയന്റെയും നോബൽ അക്കാദമിയുടെയും സംയുക്തക്ഷണമനുസരിച്ച് സ്വീഡൻ സന്ദർശിച്ച പത്തംഗ ഇന്ത്യൻസാഹിത്യകാരസംഘത്തിൽ അംഗം. 1997 നവംബർ ഒന്നിന് സ്വീഡനിലെ ഗോട്ടെൻബർഗ് നഗരത്തിൽ നടന്ന അന്താരാഷ്ട്രപുസ്തകോത്സവത്തോടനുബന്ധിച്ച് സാഹിത്യസമ്മേളനത്തിൽ ഇന്ത്യൻ കവിതയെ പ്രതിനിധീകരിച്ചു.ഹിന്ദി, ബംഗാളി, മറാഠി, രാജസ്ഥാനി, അസമിയ, പഞ്ചാബി, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഇന്ത്യൻ ഭാഷകളിലേക്കും ഇംഗ്ലീഷ് , ഫ്രഞ്ച്, സ്പാനിഷ്, സ്വീഡിഷ് എന്നീ വിദേശഭാഷകളിലേക്കും കവിതകൾ തർജമ ചെയ്യപ്പെട്ടു .

ചെറുശ്ശേരി
















ചെറുശ്ശേരി നമ്പൂതിരി ക്രിസ്തുവർഷം 15-‌ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാളം ഭാഷാകവിയാണു്. പുരാതനകവിത്രയങ്ങളിൽ ഒരാളായിരുന്നു ഇദ്ദേഹം. ക്രി.വ 1466-75 കാലത്ത് കോലത്തുനാടു ഭരിച്ചിരുന്ന ഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണു് ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ ദർശിക്കാനാവുന്നത്.[1] സമകാലീനരായിരുന്ന മറ്റ് ഭാഷാകവികളിൽ നിന്നു് ഒട്ടും വ്യത്യസ്തമായിരുന്നില്ല ഈ ശൈലി. എങ്കിലും സംസ്കൃത ഭാഷയോട് കൂടുതൽ പ്രതിപത്തി പുലർത്തിയിരുന്ന മലനാട്ടിലെ കവികൾക്കിടയിൽ ഭാഷാകവി എന്നിരിക്കെയും ഏറെ പ്രശസ്തനായിരുന്നു ചെറുശ്ശേരി. കൃഷ്ണഗാഥയാണു പ്രധാനകൃതി.

മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാൻ കഴിയുന്നതു്‌ ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലാണു്‌. സംസ്കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണു്‌ കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തിൽ കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്

മാനവിക്രമൻ സാമൂതിരിയുടെ സദസ്സിലെ അംഗമായിരുന്ന പൂനം നമ്പൂതിരി തന്നെയാണു് ചെറുശ്ശേരി നമ്പൂതിരിയെന്നു് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടു കാണുന്നുണ്ട്.


ചെറുശ്ശേരി കൃതികള്


കുമാരനാശാന്

















1873 ഏപ്രിൽ 12-ന്‌ ചിറയിൻകീഴ്‌ താലൂക്കിൽപെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. കുമാരുവിന്റെ അച്ഛൻ ഈഴവസമുദായത്തിലെ ഒരു മാന്യവ്യക്തിയായിരുന്നു. പ്രധാന തൊഴിൽ കച്ചവടമായിരുന്നെങ്കിലും അദ്ദേഹം നാട്ടുകാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കുകയും മലയാളത്തിൽ കീർത്തനങ്ങൾ രചിക്കുകയും അവ മനോഹരമായി ചൊല്ലുകയും ചെയ്യുമായിരുന്നു. അമ്മ കാളിയമ്മ തികഞ്ഞൊരു ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു. പുരാണേതിഹാസങ്ങളിലൊക്കെ അവർക്ക് തികഞ്ഞ അവഗാഹമുണ്ടായിരുന്നു. വല്ലാത്ത കുസൃതിയായിരുന്നു കുമാരു. കുമാരുവിനെ അടക്കി നിർത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണകഥ പറയൽ. അച്ഛൻ പാടുന്ന കീർത്തനങ്ങൾ കേട്ട് കുമാരു ലയിച്ചിരിക്കുമായിരുന്നു. അച്ഛനെഴുതുന്ന കവിതകൾ പോലെ താനും വലുതാകുമ്പോൾ എഴുതുമെന്ന് കൊച്ചു കുമാരു പറയുമായിരുന്നു. ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരൻ ആശാൻ. ആശാന് കഥകളിയിലും ശാസ്ത്രീയ സംഗീതത്തിലും ഉള്ള താല്പര്യം അച്ഛനിൽ നിന്നു ലഭിച്ചു.

അന്നെത്ത പതിവനുസരിച്ച് 7 വയസ്സായപ്പോൾ കുമാരുവിനെ കുടിപ്പള്ളിക്കൂടത്തിൽ ചേർത്തു. പ്രഥമഗുരു തുണ്ടത്തിൽ പെരുമാളാശാനായിരുന്നു. സമർത്ഥനായ കുമാരു വേഗംതന്നെ എഴുത്തും കണക്കും പഠിച്ചു. എട്ടുവയസ്സായപ്പോൾ സംസ്കൃതപഠനം ആരംഭിച്ചു. ഇതിനിടയിൽ കുമാരുവിന്റെ അച്ഛന്റെയും മറ്റും പ്രയത്നത്താൽ അവിടെയൊരു പ്രൈമറിസ്കൂൾ സ്ഥാപിതമായി. പതിനൊന്നാമത്തെ വയസ്സിൽ ആ സ്കൂളിൽ രണ്ടാം ക്ലാസ്സിൽ ചേർന്നു. പതിനാലാമെത്ത വയസ്സിൽ പ്രശസ്തമായ രീതിയിൽ സ്കൂൾ പരീക്ഷ പാസ്സായി.

കുറച്ചു കാലം പഠിച്ച സ്കൂളിൽതന്നെ അദ്ധ്യാപകനായി ജോലിനോക്കി. സർക്കാർ നിയമപ്രകാരം അത്ര ചെറുപ്രായത്തിലുള്ളവരെ അദ്ധ്യാപകരായി നിയമിക്കാൻ വകുപ്പില്ലായിരുന്നതിനാൽ ആ ജോലി സ്ഥിരപ്പെട്ടു കിട്ടിയില്ല. അദ്ധ്യാപകജോലി അവസാ‍നിപ്പിച്ച് ചില സ്നേഹിതന്മാരോടൊപ്പം കൂടി സ്വയം ഇംഗ്ലീഷ് പഠിക്കാൻ ആരംഭിച്ചു. കുമാരു കിട്ടുന്ന പുസ്തകങ്ങളെല്ലാം ആർത്തിയോടെ വായിച്ചു തീർക്കുമായിരുന്നു.



കുമാരുവിനെ കൂടുതൽ പഠിപ്പിക്കണമെന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വലിയ തുക കൊടുത്ത് പഠിപ്പിക്കാൻ അന്നത്തെ സാമ്പത്തിക ചുറ്റുപാട് അനുവദിച്ചിരുന്നില്ല. വെറുതേയിരുത്തേണ്ടെന്ന് കരുതി അച്ഛൻ മകന് കൊച്ചാര്യൻ വൈദ്യൻ എന്നൊരാളിന്റെ കടയിൽ കണക്കെഴുത്ത് ജോലി സംഘടിപ്പിച്ചുകൊടുത്തു. മുഷിഞ്ഞ ആ ജോലി ഉപേക്ഷിച്ച് കുമാരു വീട്ടിൽ നിന്നിറങ്ങി പോയി വല്യച്ഛന്റെ വിട്ടിൽ താമസിച്ചു. കണക്കെഴുത്തുജോലിയിൽ ഏർപ്പെട്ടിരുന്ന നേരത്തുതന്നെ കുമാരു കവിതയെഴുതാൻ തുടങ്ങിയിരുന്നു. പരവൂരിലെ കേശവനാശാൻ പ്രസിദ്ധീകരിച്ചിരുന്ന “സുജനാനന്ദിനി” എന്ന മാസികയിൽ കുമാരന്റെ രചനകൾ കുമാരു, എൻ. കുമാരൻ, കായിക്കര എൻ. കുമാരൻ എന്നീ പേരുകളിലൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങി.

തന്റെ കണക്കെഴുത്തുകാരന്റെ ജ്ഞാനതൃഷ്ണ മനസ്സിലാക്കിയിരുന്ന കൊച്ചാര്യൻ വൈദ്യൻ അവനെ തുടർന്ന് പഠിപ്പിക്കണമെന്ന് കുമാരുവിന്റെ അച്ഛനോട് നിർബന്ധമായി പറഞ്ഞു. മണമ്പൂർ ഗോവിന്ദനാശാൻ എന്ന പ്രമുഖ പണ്ഡിതന്റെ “വിജ്ഞാനസന്ദായിനി” എന്ന പാഠശാലയിൽ കുമാരുവിനെ കൊണ്ട് ചേർത്തു. പാട്ടുകളും ശ്ലോകങ്ങളും എഴുതുന്ന കാര്യത്തിൽ അന്ന് കുമാരുവിനെ വെല്ലാൻ അവിടെയാരുമില്ലായിരുന്നു. അവിടെ പഠിച്ചിരുന്ന കാലത്ത് രചിച്ച കൃതികളാണ്‌ “വള്ളീ വിവാഹം”, “അമ്മാനപ്പാട്ട്“, “ഉഷാകല്യാണം“ എന്നിവ. “സുബ്രഹ്മണ്യ ശതകം സ്തോത്രം” എന്നൊരു കൃതിയും ഇക്കാലത്ത് കുമാരു രചിച്ചു. കുമാരുവിന്റെ അച്ചടിച്ച ആദ്യത്തെ കൃതി അതാണെന്ന് പറയപ്പെടുന്നു. അതിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഒരു പ്രശംസാപത്രവും ചേർത്തിരുന്നു.

ആ‍ശാന്റെ രചനകൾ