ഉള്ളൂർ എസ്. പരമേശ്വരയ്യർ (ജൂൺ 6, 1877 - ജൂൺ 15, 1949) മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്നു. ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ നാരായണമേനോൻ എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളസാഹിത്യത്തിലെ കാല്പനിക പ്രസ്ഥാനത്തിനു നാന്ദികുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തിൽ ഇവർ കവിത്രയം എന്നറിയപ്പെടുന്നു. കവി എന്നതിനു പുറമേ ചരിത്രകാരനായും സർക്കാർ ഉദ്യോഗസ്ഥനായും ഉള്ളൂർ പേരെടുത്തിരുന്നു. തിരുവതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചങ്ങനാശേരിക്കു സമീപം പെരുന്നയിൽ പാലൂർ നമ്പൂതിരിമാരുടെ പരമ്പരയിൽപ്പെട്ട താമരശേരി ഇല്ലത്താണ് പരമേശ്വരയ്യർ ജനിച്ചത്. പിതാവ് സുബ്രഹ്മണ്യ അയ്യർ അദ്ധ്യാപകനായിരുന്നു. അമ്മ ഭഗവതിയമ്മ. പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്.
അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം തിരുവനന്തപുരത്തിനടുത്ത് ഉള്ളൂർ ഗ്രാമത്തിലേക്കു താമസം മാറി. പിതാവിന്റെ മരണം പരമേശ്വരന്റെ വിദ്യാഭ്യാസ മോഹങ്ങളിൽ കരിനിഴൽ വീഴ്ത്തി. എങ്കിലും അമ്മയുടെ പ്രോത്സാഹനവും സമർപ്പണവും അദ്ദേഹത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ പാതയിലെത്തിച്ചു. തിരുവനന്തപുരത്തെ മഹാരാജാസ് കോളജിൽ ചേർന്ന അദ്ദേഹം 1897ൽ തത്വശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം നേടി.
ബിരുദം നേടിയ ശേഷം തിരുവിതാംകൂർ സർക്കാർ ഉദ്യോഗസ്ഥനായി. ജോലിയിലിരിക്കെ നിയമത്തിൽ ബിരുദവും മലയാളത്തിലും, തമിഴിലും ബിരുദാനന്തര ബിരുദവും നേടി.
തിരുവനന്തപുരം ഠൗൺ സ്കൂൾ അദ്ധ്യാപകൻ, ജനസംഖ്യാ വകുപ്പിൽ ഗുമസ്തൻ, തഹസീൽദാർ, മുൻസിഫ്, അസിസ്റ്റന്റ് സെക്രട്ടറി എന്നീ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം തിരുവതാംകൂറിലെ ഇൻകം ടാക്സ് കമ്മീഷണറായി ഉയർന്നു. ചീഫ് സെക്രട്ടറി പദവിയുടെ താൽക്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്.
No comments:
Post a Comment