Thursday, May 20, 2010

ചങ്ങമ്പുഴ കൃഷ്ണപിള്ള
















മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റുള്ള മലയാളകവികളിൽനിന്നു തികച്ചും ഒറ്റപ്പെട്ടു നിൽക്കുന്നു മഹാകവി ചങ്ങമ്പുഴ. മലയാളത്തിന്റെ ഈ പ്രിയപ്പെട്ട കവി 1911 ഒക്ടോബർ 11-ന്‌ ജനിച്ചു. ജന്മദേശം ഉത്തരതിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയാണ്‌. ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ്‌ മാതാവ്‌. പിതാവ്‌ തെക്കേടത്തു വീട്ടിൽ നാരായണമേനോനും.

ഒരു നിർദ്ധനകുടുംബത്തിലെ അംഗമായിജനിച്ച ചങ്ങമ്പുഴ ബാല്യകാലവിദ്യാഭ്യാസം വളരെ ക്ലേശകരമായാണ്‌ നിർവ്വഹിച്ചത്‌. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂൾ, ശ്രീകൃഷ്ണവിലാസ്‌ ഇംഗ്ലീഷ്‌ മിഡിൽ സ്കൂൾ, ആലുവാ സെന്റ് മേരീസ്‌ സ്കൂൾ, എറണാകുളം സർക്കാർ ഹൈസ്കൂൾ, സെന്റ്‌ ആൽബർട്ട്സ് സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യയനം നടത്തി അദ്ദേഹം ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈസ്കൂൾ വിദ്യാഭ്യാസം അവസാനിച്ചകാലത്താണ്‌ അദ്ദേഹത്തിന്റെ ആത്മസുഹൃത്തും ഇടപ്പള്ളിപ്രസ്ഥാനത്തിന്റെ ജനയിതാക്കളിൽ ഒരാളും കവിയുമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ള അന്തരിച്ചത്‌. ഈ സംഭവം ചങ്ങമ്പുഴയുടെ ജീവിതത്തെ അഗാധമായി സ്പർശിച്ചു. അതിൽനിന്നുദ്ഭിന്നമായ വേദനയുടെ കണ്ണീരുറവയിൽനിന്നു പിറവിയെടുത്ത ഒരു നാടകീയ വിലാപകാവ്യമാണ്‌ 'രമണൻ'. ആ കൃതി മലയാളത്തിലെ ഒരു മഹാസംഭവമായി പരിണമിച്ചു.


എറണാകുളം മഹാരാജാസ്‌ കോളേജിലും തുടർന്നു തിരുവനന്തപുരം ആർട്ട്സ്‌ കോളേജിലും പഠിച്ച്‌ അദ്ദേഹം ഓണേഴ്സ്‌ ബിരുദം നേടി. മഹാരാജാസ്‌ കോളേജിൽ പഠിക്കുന്നകാലത്തുതന്നെ ചങ്ങമ്പുഴ ഒരനുഗ്രഹീത കവിയായിത്തീർന്നിരുന്നു. അദ്ദേഹത്തിന്റെ പല പ്രസിദ്ധ കൃതികളും അന്നു പുറത്തുവരുകയുണ്ടായി. വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീമതി ശ്രീദേവിഅമ്മയെ വിവാഹം ചെയ്‌തു. പഠനത്തിനുശേഷം ദുർവ്വഹമായ സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനുപോയി. അധികനാൾ അവിടെ തുടർന്നില്ല. രണ്ടുവർഷത്തിനു ശേഷം രാജിവെച്ചു മദിരാശിയിലെ ലാ കോളേജിൽ ച്ചേർന്നു. എങ്കിലും പഠനം മുഴുമിക്കാതെ തന്നെ നാട്ടിലേക്കുമടങ്ങി.


പിൽക്കാലത്ത്‌ ചങ്ങമ്പുഴയെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കു നയിച്ച പല കൃതികളും ഇക്കാലത്താണ്‌ രചിക്കപ്പെട്ടത്‌. ഇതിനിടെ മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം സേവനമനുഷ്ടിച്ചു. അനന്തരം അദ്ദേഹം സാഹിതീസപര്യയുമായി ഇടപ്പള്ളിയിൽ സകുടുംബം താമസിച്ചു.


ഉൽക്കണ്ഠാകുലമായ പല പരിവർത്തനങ്ങൾക്കും വിധേയമാവുകയായിരുന്നു പിന്നീടദ്ദേഹത്തിന്റെ ജീവിതം. ആദ്യം വാതരോഗവും തുടർന്നു ക്ഷയരോഗവും ആ ജീവിതത്തെ ഗ്രസിച്ചു. എന്തും സഹിച്ചും ജീവിതം ആസ്വദിക്കുവാൻ അതീവതാൽപര്യം കാണിച്ച ആ മഹാകവി മരണവുമായി അനുക്ഷണം അടുക്കുകയായിരുന്നു അപ്പോൾ. നാളുകൾ അധികം നീങ്ങിയില്ല. കേരളത്തിലെ സഹൃദയലോകത്തെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട്‌, 1948 ജൂൺ 17-ആം തീയതി ഉച്ചതിരിഞ്ഞ്‌ തൃശ്ശിവപേരൂർ മംഗളോദയം നഴ്സിങ്ങ്‌ ഹോമിൽവച്ച്‌, ഈ ലോകത്തോട്‌ അദ്ദേഹം യാത്രപറഞ്ഞു. സ്വന്തം നാടായ ഇടപ്പള്ളിയിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഇടപ്പള്ളിയിൽ ചങ്ങമ്പുഴ സാംസ്കാരിക സമിതി, കലാവേദി, വായനശാല, പാർക്ക് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വർഷം തോറും ചങ്ങമ്പുഴയുടെ ഓർമ്മക്ക് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു പോരുന്നു.

കൃതികൾ

No comments:

Post a Comment